തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇപ്രാവശ്യം ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ബാക്കിയുള്ളത് 3.69 ലക്ഷം ടിക്കറ്റുകളാണ്. ഇന്ന് ഇത് വിറ്റുതീരുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന് 12 കോടി ആയിരുന്നു ഒന്നാം സമ്മാനം. അന്ന് 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
ഇപ്രാവശ്യം ഒന്നാം സമ്മാന വിജയിക്ക് 15.75 കോടി രൂപയാണ് ലഭിക്കുക. 10 % ഏജന്‍സി കമ്മിഷനും 30 % നികുതിയും കിഴിച്ചാണിത്. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപ നല്കുന്ന 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബമ്പര്‍ നാളെ പുറത്തിറക്കും.