ചരിത്രത്തിലെ റെക്കോര്‍ഡ് വിലയുമായി റബ്ബര്‍

കൊച്ചി: ചരിത്രത്തില്‍ റെക്കോര്‍ഡ് വിലയുമായി റബ്ബര്‍. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. 2011 ഏപ്രില്‍ അഞ്ചിന് ലഭിച്ച 243 രൂപയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. റബ്ബര്‍ വ്യാപാരം ഏറ്റവും മികച്ച നിരക്കില്‍ നടന്നത് 2011ലായിരുന്നു. അതിനുശേഷം കൂപ്പുകുത്തിയ റബ്ബര്‍ വില ഒരു പതിറ്റാണ്ടിന് ശേഷം ഉയരുന്നതു കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.അന്താരാഷ്ട്രവിലയേക്കാള്‍ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ബാങ്കോക്കിലെ വില 203 രൂപയാണ്. വിലയിലുണ്ടായ മുന്നേറ്റം കാര്‍ഷികമേഖലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കര്‍ഷകര്‍ ലാറ്റക്‌സില്‍നിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബര്‍ ബോര്‍ഡ് പറയുന്നു. ലാറ്റക്‌സിനും മികച്ച വിലയാണ് കിട്ടുന്നത്. അതും റെക്കോര്‍ഡാണ്. 60 ശതമാനം ഡിആര്‍സിയുള്ള ലാറ്റക്‌സിന് 173 രൂപയാണ് വില.

ജൂണ്‍ പകുതിയോടെ തന്നെ റബ്ബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്. മെയ് മാസം 180 രൂപയ്ക്ക് അടുത്തായിരുന്നു വ്യാപാരം. അതേസമയം ലാറ്റക്‌സ് വില 240 രൂപയില്‍ എത്തി. ഒട്ടുപാല്‍ കിലോയ്ക്ക് 130 രൂപയുമാണ്. ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും മറ്റ് ആഭ്യന്തര – വിദേശ ഘടകങ്ങളുടെ സ്വാധീനവുമാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്കുള്ള കാരണമെന്നാണ് സൂചന.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp