ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് ഒടിഞ്ഞു വീണ് അപകടം

ചിറയിലേക്ക് ഉയരത്തില്‍ നിന്ന് ചാടുന്നതിനായി ചാഞ്ഞുനിന്ന തെങ്ങിന്‍ മുകളില്‍ കയറിയ വിനോദസഞ്ചാരികളായ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ കയറിയ തെങ്ങ് ഒടിഞ്ഞ് ചിറയിലേക്ക് വീഴുകയായിരുന്നു.

പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. കരുളായി സ്വദേശികളായ യുവാക്കളാണ് അപടത്തില്‍പ്പെട്ടത്. കാഴ്ചക്കാര്‍ ഫോണില്‍ പകര്‍ത്തിയ തെങ്ങ് ഒടിഞ്ഞ് വീഴുന്ന വീഡിയോ വൈറലായിട്ടുണ്ട്.

യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കള്‍ ഇവിടെ എത്താറുണ്ട്. തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ ചിറയ്ക്ക് താഴെഭാഗം മനോഹരമായ വെള്ളച്ചാട്ടമാണ്. നീന്തിക്കുളിക്കാനാണ് കൂടുതല്‍പേരും എത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp