പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.
പ്രസവത്തെ തുടര്‍ന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂണ്‍ അവസാന വാരം ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ വേണമെന്ന് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു. പ്രസവത്തിനിടയില്‍ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.