‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പ്രതികരിച്ചു. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്‌നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.
ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു.
50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല.

ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp