​ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാക; പാർട്ടിയുടെ പതാകയും ​ഗാനവും പുറത്തിറക്കി വിജയ്

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കി. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് ഇന്നു രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പാർട്ടി പതാക പ്രകാശനം ചെയ്തത്. തുടർന്ന് പാർട്ടി പതാക ഉയർത്തുകയും ചെയ്തു. പതാക ​ഗാനവും യുട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്നതാണ് പാർട്ടിയുടെ പതാക, പതാകയിൽ രണ്ട് ഗജവീരൻമാരുമുണ്ട്.

അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് വിജയ്. ഇതിന് മുന്നോടിയായാണ് പാർട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. ഈ പതാക പാർട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ ഉടനീളമുള്ള പാർട്ടി ഭാരവാഹികളിൽനിന്നും ഇതരസംസ്ഥാനത്തെ നേതാക്കളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനുള്ള പതാകകൾ ഭാരവാഹികൾക്ക് കൈമാറും.

‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിൽനിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും… ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിച്ചു പറയുന്നു’, പാർട്ടിയുടെ പ്രതിജ്ഞയിൽ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp