ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ മന്ത്രി കെ രാജന്‍ ഇന്ന് വയനാട്ടില്‍. ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ഇതിനുശേഷം മന്ത്രി ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചേക്കും. നെടുമ്പാല എസ്റ്റേറ്റിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും ആസ്തി പരിശോധനയുടെ ഭാഗമായുള്ള സര്‍വ്വേ ഇന്നും തുടരും. രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ശ്രമം.
അതേസമയം വീട് നിര്‍മ്മാണത്തിന് 5 അഞ്ചു സെന്റ് എന്ന പ്രഖ്യാപനം അംഗീകരിക്കില്ല എന്നാണ് രണ്ട് ആക്ഷന്‍ കൗണ്‍സിലുകളുടെയും നിലപാട്. നെടുമ്പാലയിലേത് പോലെ എല്‍സ്റ്റണിലും 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് വേണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനമുയരുന്നത് സ്ഥലം സംബന്ധിച്ച വിഷയത്തിലാണ്. നെടുമ്പാല എച്ച്എംഎല്‍ എസ്റ്റേറ്റില്‍ പത്ത് സെന്റ് ഭൂമിയില്‍ ആണ് വീട് നിര്‍മ്മിക്കുക. കല്‍പ്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലിത് അഞ്ച് സെന്റാകും. ഇതാണ് പ്രതിഷേധത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് ആക്ഷന്‍ കൌണ്‍സിലുകള്‍ ഒരുങ്ങുന്നത്.
അതേസമയം, പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളില്‍ സര്‍വേ നടപടികള്‍ക്ക് ഇന്നലെ തുടക്കമായി. സ്പെഷ്യല്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സര്‍വേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംയുക്തമായാണ് ചുമതല. ഏറ്റെടുക്കുന്ന സ്ഥലത്തെ ആസ്തി വിവരശേഖരണമാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കനാണ് ശ്രമം. ഇന്ന് മുതല്‍ നെടുമ്പാല എസ്റ്റേറ്റിലും സര്‍വേ തുടങ്ങും.