തിരുവനന്തപുരം: നിരത്തിലെ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2024ൽ 3714 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ സോഷ്യൽ മീഡിയിൽ എംവിഡി പങ്കുവച്ചത്.
തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്ക് കുറഞ്ഞത്. ഈ വർഷം തുടക്കം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ അപകടമുണ്ടായതിന്റെ പിന്നാലെയാണ് എംവിഡി കണക്കുകൾ പുറത്തു വിട്ടത്. പുതുവത്സര ദിനത്തിൽ വാഹനാപകടങ്ങളിലായി എട്ടോളം പേരാണ് മരിച്ചത്. കണക്കുകളിൽ മരണ നിരക്ക് കുറയുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും സംസ്ഥാനത്തുടനീളം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.