ചേതകിന്റെ ഇലക്ട്രിക് സ്കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ നീക്കം. 2024 ആദ്യ പകുതിയോടെ ഐക്കോണിക്ക് ബ്രാൻഡായ ചേതകിനെ വിപണിയിലിറക്കാനാണ് സ്വിസ് സ്പോർട്ട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം, ബജാജ് ഓട്ടോയുമായി ചേർന്ന് ലക്ഷ്യം വയ്ക്കുന്നത്.
യൂറോപ്യൻ വിപണിക്ക് അനുയോജ്യമായ മോഡലായാരിക്കും ഇ-ചേതകെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. മാർച്ചോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയെന്ന് കെടിഎം ബ്രാൻഡ് ഉടമ സ്റ്റെഫാൻ പെയ്രർ അറിയിച്ചു.
1972 മുതൽ ഇന്ത്യയുടെ ഇഷ്ട ബ്രാൻഡായിരുന്നു ചേതക്. എന്നാൽ 2006 ഓടെ രാജീവ് ബജാജ് നേതൃത്വം നൽകിയ മാനേജ്മെന്റ് ചേതകിന്റെ നിർമാണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് 2019 ൽ ചേതക് ഇലക്ട്രിക് രൂപത്തിൽ തിരികെ എത്തിയിരുന്നു. 40 നഗരങ്ങളിലായി വിപണിയിലുള്ള ചേതക് ഇ സ്കൂട്ടറിന്റെ വില 1.4 ലക്ഷ രൂപയാണ്.
2007 ലാണ് ബജാജും കെടിഎമ്മും ചേർന്ന് ബൈക്ക് നിർമാണം ആരംഭിച്ചത്. 2011 ലാണ് പുതിയ കൂട്ടുകെട്ടിൽ ആദ്യ ബൈക്ക് വിപണിയിലെത്തുന്നത്.