പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ ന്റെ ട്രെയിലര്‍ പുറത്ത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പിഎസ്2 ന്റെ മ്യൂസിക് ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. ”സംഗീതത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ചരിത്രത്തിന്റെയും ഒരു സായാഹ്നം പിഎസ്2 മ്യൂസിക് ലോഞ്ചില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്കൊപ്പം ചേരുകയെന്നായിരുന്നു കുറിപ്പ്. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പിഎസ് 2 ട്രെയിലര്‍ ലോഞ്ച് നടന്നത്.
1955ല്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയുള്ള പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം ഈ വര്‍ഷം ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ലോകമെമ്പാടും വന്‍ കളക്ഷന്‍ നേടിയിരുന്നു പൊന്നിയിന്‍ സെല്വന് ആദ്യഭാഗം. അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തിയ ഒന്നാം ഭാഗത്ത് സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ തുടങ്ങിയ വലിയ താരനിരയാണ് പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാം, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.