‘ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് ജനവിധി’; വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം:ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സര്‍ക്കാരിന്‍റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജ പ്രചരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസ് മുക്ത ഭരതത്തിന് ശ്രമിച്ച ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കിയതിന്‍റെ സൂത്രധാരനും മുഖ്യമന്ത്രി പിണറായി വിജയനാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞ ആശങ്ക ഇപ്പോള്‍ സത്യമായി. തൃശൂരിലെ സി.പി.എം കോട്ടകളില്‍ വ്യാപകമായ വോട്ടു ചോര്‍ച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം- ബി.ജെ.പി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. തൃശൂരില്‍ ബി.ജെ.പിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp