ന്യൂഡൽഹി: 2036 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യ 152.2 കോടിയാകുമെന്ന് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യുത്പാദനക്ഷമത കുറയുന്നതിനാൽ 2036 ആകുമ്പോഴേക്കും ജനസംഖ്യയിൽ 15 വയസിൽ താഴെയുള്ളവരുടെ എണ്ണം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2036ൽ സ്ത്രീകൾ 48.8 ശതമാനമായി വർധിക്കും. 2011-ൽ രാജ്യത്തെ ജനസംഖ്യയുടെ 48.5 ശതമാനമായിരുന്നു സ്ത്രീകൾ. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം വർധിച്ചുവരുന്നതായും സ്റ്റാർട്ടപ്പ് സംവിധാനത്തിൽ സ്ത്രീസംരംഭകർ വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2036 ആകുമ്പോൾ 15 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം മാത്രമല്ല, 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണവും കുറയും. ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രികൃതമാകും. 943-ൽനിന്ന് 952 ആയി സ്ത്രീ-പുരുഷ അനുപാതം വർധിക്കും. ശിശുമരണനിരക്ക് കുറയും. തൊഴിൽമേഖലയിൽ 15 വയസ്സിനു മുകളിലുള്ളവരുടെ പങ്കാളിത്തമേറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തൊഴിൽമേഖലയിൽ 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2017-18 മുതൽ വർധിക്കുന്നു. 2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തനിരക്ക് 75.8-ൽനിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്കാകട്ടെ 23.3-ൽനിന്ന് 37 ആയും വർധിച്ചു. തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തവും കൂടി. 1999 വരെയുള്ള പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം 60 ശതമാനമായിരുന്നു. 2019-ൽ 67.2 ശതമാനമായി വർധിച്ചു. 2016 മുതൽ 2023 വരെ 1,17,254 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. ഇതിൽ 55,816 സ്റ്റാർട്ടപ്പുകളുടെ നേതൃത്വം സ്ത്രീകൾക്കാണ്.
അതേസമയം, മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ശിശുമരണനിരക്ക് തോത് കുറവാണ്. 2020-ൽ കേരളത്തിൽ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനമാണ്. ഗ്രാമീണമേഖലയിൽ നാലും നഗരമേഖലയിൽ ഒമ്പതും. കൂടുതൽ മധ്യപ്രദേശിലാണ് -43 ശതമാനം. ഉത്തർപ്രദേശിലും ഛത്തിസ്ഗഢിലും 38 ശതമാനമാണ്. അസമും ഒഡിഷയുമാണ് മൂന്നാമത് -36 ശതമാനം.