കൊച്ചി: എറണാകുളത്ത് പകര്‍ച്ചവ്യാധി രൂക്ഷം. രണ്ടാഴ്ചക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ മാത്രം ജീവൻ നഷ്ടമായത് ഏഴ് പേർക്ക്. സംസ്ഥാനത്താകെ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് 23 പേരാണ് മരിച്ചത്. രണ്ടാഴ്ച്ചക്കിടയിൽ 1024 പേർക്കാണ് എറണാകുളം ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ചത്. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം ഇന്നലെ മാത്രം 73 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവെൻസ ബാധിതർ 40 പേരാണ്. നാല് പേര്‍ക്കാണ് ഇൻഫ്ലുവെൻസ ബി റിപ്പോർട്ട് ചെയ്തത്.
കുമാരപ്പുരം, തൃക്കാക്കര, എറണാകുളം, ഇടപ്പള്ളി, വല്ലാർപ്പാടം, പെരുമ്പാവൂർ വെങ്ങോല, കളമശ്ശേരി, പുത്തൻപ്പുര എന്നിവങ്ങളിലാണ് ഡെങ്കിപ്പനി രൂക്ഷമായിരിക്കുന്നത്. ജില്ലയിൽ പലയിടത്തും മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ കൃത്യമായി നടത്താതിരുന്നതിനാൽ കൊതുകൾ വ്യാപകമായി പടരുന്നുണ്ട്. കൊച്ചിയിലെ മാലിന്യപ്രശ്നമാണ് ഇത്തരത്തിൽ പകർച്ചവ്യാധികൾ രൂക്ഷമാകാൻ കാരണം. അതിവേഗം പ്രതിരോധ പ്രവൃത്തികൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്
അതേസമയം, വെസ്റ്റ് നൈൽ വൈറസും ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. കുമ്പളങ്ങി സ്വദേശിയുടെ മരണ കാരണം വെസ്റ്റ് നൈൽ വൈറസ് എന്നാണ് കണ്ടെത്തിയത്. എലിപ്പനി, എച്ച് 1 എൻ 1, വൈറൽ പനി എന്നിവയും ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കർശന നിർദ്ദേശം.