ജുഡീഷ്യറിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ജുഡീഷ്യറിയിലെ സംഘപരിവാർ സാന്നിധ്യത്തിനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ എം വി ഗോവിന്ദൻ പുറത്ത് വിടട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറി നിഷ്പക്ഷമാകണമെന്നും ഒരു സർക്കാരും ഇടപെടൽ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാവ്ലിൻ കേസിൽ സി പിഐഎമ്മിന് സുപ്രീം കോടതിയിൽ ബിജെപിയുടെ സഹായം കിട്ടുന്നുണ്ട്. സഹായം ലഭിക്കുന്നുവെന്നതിന് 100% ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ബിഹാറിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നുവെന്ന് ചെന്നിത്തല വിമർശിച്ചു. കോൺഗ്രസിന്റെ പരാജയത്തിൽ ബിജെപിയേക്കാളും സന്തോഷിക്കുന്നത് സിപിഐഎമ്മാണ്.
കോൺഗ്രസിന്റെ തോൽവിയിൽ എകെജി സെന്ററിൽ പടക്കം പൊട്ടിച്ചില്ലെന്നേയുള്ളൂ, തുള്ളിച്ചാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പിണറായി വിജയനല്ല, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആണ്. നവ കേരള സദസ്സ് നടക്കുന്നത് കോൺഗ്രസിന് അനുകൂലമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ആർഎസ്എസിന്റെ കോമരമായി പ്രവർത്തിക്കുന്നവരെയാണ് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. ജുഡിഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കുമോ എന്ന് സംശയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവും ജുഡിഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.