ജെയ്ക്കിന് മണര്‍കാടിന്റെ ചുമതല; മുന്നൊരുക്കങ്ങള്‍ സജീവം; പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് തയാറെടുത്ത് സിപിഐഎം

പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നല്‍കി. സ്ഥാനാര്‍ത്ഥിയുടെ സാധ്യത പട്ടികയിലുള്ള ജെയ്ക്ക് സി തോമസിന് മണര്‍കാട് പഞ്ചായത്തിന്റെ ചുമതല മാത്രമാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് നിലവില്‍ കടക്കേണ്ട എന്ന തീരുമാനത്തിലാണ് സിപിഐഎം.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. സംസ്ഥാന സെക്രട്ടറിയേറ്റിലെയും സംസ്ഥാന കമ്മിറ്റിയിലെയും പ്രധാന നേതാക്കള്‍ക്ക് പഞ്ചായത്തുകളുടെ ചുമതല നല്‍കി. കെകെ ജയചന്ദ്രന്‍ പാമ്പാടി, മീനടം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. ജെയ്ക്ക് സി തോമസിന് മണര്‍കാട് പഞ്ചായത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കെ. അനില്‍കുമാറും മണര്‍കാട്, പുതുപ്പള്ളി പഞ്ചായതുകളില്‍ പ്രവര്‍ത്തിക്കും. കൂരോപ്പടയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എവി റസല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിശകലനം ചെയ്യാന്‍ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ചേരും. രണ്ടാഴ്ചയ്ക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പുതുപ്പള്ളിയിലെത്തും. സ്ഥാനാര്‍ത്ഥിയായി ജെയ്ക്ക് തോമസിന്റെ പേര് പരിഗണനയില്‍ ഉണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് സൂചന. സിപിഐഎം നേതാക്കളായ റെജി സഖറിയയുടെയും സുഭാഷ് പി വര്‍ഗീസിന്റെയും പേരുകള്‍ സജീവമായി ഉയരുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് ഇപ്പോഴേ കടക്കേണ്ട എന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp