ഝാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ പൊലീസുകാർ ചവിട്ടിക്കൊന്നു എന്ന് ആരോപണം. സംഭവത്തിൽ 6 പൊലീസുകാർക്കെതിരെ കേസെടുത്തു. ഇതിൽ അഞ്ച് പേരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസുകാർ നിലത്തുകിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊല്ലുകയായിരുന്നു എന്നാണ് പരാതി.
നാലുദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച ഗിരിദി ജില്ലയിലെ വീട്ടിൽ കുഞ്ഞിൻ്റെ മുത്തച്ഛനെ അറസ്റ്റ് ചെയ്യാനാണ് പൊലീസുകാർ എത്തിയത്. മുത്തച്ഛനെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ടായിരുന്നു. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് മുത്തച്ഛനും വീട്ടുകാരും കുഞ്ഞിനെ വീട്ടിൽ ഒറ്റക്കാക്കി കടന്നുകളഞ്ഞു. വീട്ടിലെ പരിശോധന കഴിഞ്ഞ് പൊലീസ് മടങ്ങിയതിനു ശേഷം വീട്ടുകാർ തിരികെയെത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കുഞ്ഞിൻ്റെ പ്ലീഹ തകർന്നു എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. പൊലീസുകാർ ബൂട്ടിട്ട് ചവിട്ടിയതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.