എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പി രാജീവ്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മാത്യു കുഴൽനാടൻ ആദ്യം മറുപടി പറയട്ടെ, അതിന് ശേഷം പുതിയ ആരോപണങ്ങൾക്ക് മറുപടിയെന്നും പി രാജീവ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഏകാധിപത്യ പ്രവണതയില്ലെന്നും മറ്റിടങ്ങളിൽ അതുണ്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തുന്നു. നിയമസഭയിൽ ബിൽ പാസാക്കി അയച്ചാൽ പിന്നീട് വിശദീകരണം തേടേണ്ടതില്ല. അഭിപ്രായ വ്യത്യാസമുണ്ടായാൽ നിയമനിർമാണ സഭയിലേക്ക് തിരിച്ചയക്കാം. ഇതാണ് ഭരണഘടന പറയുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ റിയാസ് ഒഴിഞ്ഞുമാറി.
കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രതികരണം. എക്‌സാലോജികിനെതിരായ അന്വേഷണം അറിയില്ല. നോക്കിയിട്ട് പറയാമെന്നും ഇപി തിരുവനന്തപുരത്ത് പ്രതികരിച്ചു.