മലപ്പുറം: രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 26 കാരിയായ മാതാവ് ജീവനൊടുക്കിയത് ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ച ശേഷം. ‘ഞങ്ങള്‍ പോകുന്നു’ എന്നായിരുന്നു സന്ദേശം. സംഭവത്തിന് കാരണം ഭര്‍ത്താവുമായുള്ള പിണക്കമെന്നു സൂചന. കുട്ടികളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മര്‍സീവ (4), മറിയം (1) എന്നിവരെ ഇന്നു പുലര്‍ച്ചെയാണ് വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മക്കള്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയിലും മാതാവ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും നല്ല രീതിയില്‍ കഴിഞ്ഞുവരുന്ന കുടുംബമായിരുന്നു ഇവരുടേതെന്നും നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒന്നും ഇവരെ കുറിച്ചു മോശം പറയാന്‍ അവസ്ഥയുണ്ടായിട്ടില്ലെന്നും എല്ലാവരുമായും സൗഹൃദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പ്രതികരിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഭര്‍ത്താവിന് സഫ്‍വ വാട്‌സാപ്പ് സന്ദേശം അയച്ചത്. ‘ഞങ്ങള്‍ പോകുന്നു’ എന്നായിരുന്നു സന്ദേശം. എന്നാല്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ഈ സന്ദേശം കണ്ടിരുന്നില്ല.
കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു, ശേഷം ആത്മഹത്യ
പോലീസ് നടത്തിയ വിശദമായ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും ശേഷമാണ് കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. കുഞ്ഞുങ്ങളെ വിഷം നല്‍കിയാണ് മാതാവ് കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ നിന്നാണ് വിഷം അകത്തുചെന്നിട്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും കണ്ടെത്തിയത്.
ഒന്നും അറിഞ്ഞില്ലെന്ന് ഭർത്താവ്
സഫ്‌വയും മക്കളും വീട്ടിലെ ഒരു മുറിയിലും ഭര്‍ത്താവ് റാഷിദലി മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസും കരുതുന്നത്. ഭാര്യയും മക്കളും കിടന്ന മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് റാഷിദലി ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ഭാര്യയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മരണപ്പെട്ട നിലയിലുമാണ് കണ്ടത്. ഉടന്‍ റാഷിദലി ബഹളംവെക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ചയായി സ്വരച്ചേര്‍ച്ചയില്ല
വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടില്‍ വന്നത്. ഒരാഴ്ചയായി ഭാര്യാഭര്‍ത്താക്കന്മാർ തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന സഫ്‍വയുടെ ഉമ്മയെ കാണാന്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയും സഫ്‌വയെ വേദനിപ്പിച്ചതായി ചില ബന്ധുക്കള്‍ പറയുന്നു. കല്‍പ്പകഞ്ചേരി എസ്ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങൾ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)