ടാർപ്പോളിൽ കൊണ്ട് മറച്ച് വീട്ടിൽ മാനസിക രോഗിയായ മകളുമായി ജീവിതം തള്ളിനീക്കി ഒരമ്മ

ടാർപ്പോളിൽ കൊണ്ട് മറച്ച് വീട്ടിൽ മാനസിക രോഗിയായ മകളുമായി ജീവിതം തള്ളിനീക്കുകയാണ് കൊല്ലം ചിതറ സ്വദേശി നൂർജഹാൻ. ലൈഫ് പാർപ്പിട പദ്ധതിയിൽ അപേക്ഷ നൽകി 8 വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ കണ്ടമട്ടില്ല.

കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിലാണ് നൂർജഹാനും, മകൾ ആമിനയും താമസിക്കുന്നത്. സർക്കാർ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത് മുതൽ പലകുറി അടച്ചുറപ്പുള്ള വീടിനായി നൂർജഹാൻ അപേക്ഷകൾ നൽകി. പക്ഷേ ആശ്വാസം നൽകുന്ന ഒരു മറുപടിയും എങ്ങു നിന്നും ലഭിച്ചില്ല. ലൈഫിന്റ ലിസ്റ്റിൽ പേരുണ്ടെന്ന സ്ഥിരം പല്ലവിയാണ് പഞ്ചായത്ത് പറയുന്നത്.

‘ഞാൻ പലതവണ അപേക്ഷ കൊടുത്തു. പക്ഷേ നടപടിയൊന്നുമായില്ല. ഭയങ്കര മഴയും വെള്ളവുമൊക്കെയാണ് വരുന്നത്. അങ്ങേര് വന്നാൽ പേടിയാണ്. കുടിച്ചാണ് വരുന്നത്. പിന്നെ ബഹളമാണ്. രാത്രി എവിടിയെങ്കിലും പോയി ഒളിച്ചിരിക്കണം’ നൂർജഹാൻ പറയുന്നു.

അടച്ചുറപ്പില്ലാത്ത ഈ കൂരയിൽ മകളെ ഒറ്റയ്ക്ക് ആക്കി പോകാൻ ഭയമയതുകൊണ്ട് യാത്രകൾ എല്ലാം ഒരുമിച്ചാണ്. എന്തിനേറെ പറയണം
അടച്ചുറപ്പുള്ള ഒരു കക്കൂസോ,കുളിമുറിയോ പോലും ഇല്ല. കഴിഞ്ഞ കാലവർഷത്തിൽ ആകെയുണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മേൽക്കൂരയും കാറ്റിൽ പറന്നുപോയി. തുടർന്ന് നാട്ടുകാരുടെ സഹായത്താലാണ് ഈ കാണുന്ന ടാർപ്പകെട്ടിയത്. കാലവർഷം വീണ്ടും എത്തിയതോടെ ഭീതിയോടെയാണ് ഇവർ ഓരോ ദിനവും തള്ളി നീക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp