സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിര്‍ദേശത്തില്‍ താത്കാലിക ഇളവ്. ജൂണ്‍ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാല്‍, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകള്‍ വെള്ളയാക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റമില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകള്‍ സമര്‍പ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണ് നടപടി.
ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതില്‍ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍. വേഗപ്പൂട്ട് വേര്‍പെടുത്തി ഓടുക, അനുവദനീയമായതില്‍ കൂടുതല്‍ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവര്‍ത്തിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ കണ്ടിഷന്‍ സംവിധാനമുള്ള ബസുകള്‍, എമര്‍ജന്‍സി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് നടപടിക്ക് വിധേയമാക്കുക.
ഇനി മുതൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നിയമലംഘനത്തിന്റെ പട്ടിക തയ്യാറാക്കി അതത് ഓഫീസുകളില്‍ ഹാജരാക്കണം. നിയമലംഘനങ്ങള്‍ മേലുദ്യോഗസ്ഥര്‍ കൂടി അറിയാനാണിത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതിരിക്കുന്നതു തടയാന്‍ കൂടിയാണിത്. വേറെവിടെയെങ്കിലും വാഹനം പരിശോധിച്ചാല്‍ ആദ്യം പരിശോധിച്ചു നടപടിയെടുക്കാത്തവര്‍ കുടുങ്ങും. നിയമലംഘകര്‍ ഇനിമുതല്‍ വന്‍തുക പിഴയായി നല്‍കേണ്ടിവരുന്ന രീതിയിലാണു മാറ്റങ്ങള്‍. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കും.