ദില്ലി: ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. . അതേസമയം, അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ ടെലഗ്രാം ആപ്പ് സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് പാരിസിന്‍റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം പവേല്‍ ദുരോവിന്‍റെ അറസ്റ്റിൽ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം രംഗത്ത് വന്നു. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗത്തിൽ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണ്, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്‌ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലഗ്രാമിന്‍റെ വാദം. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാം, പ്രശ്നം അതിവേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.