ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്. തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന് ഇതിനായി 2 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് സാമൂഹ്യ അംഗീകാരവും സാമൂഹ്യ സാമ്പത്തിക നിലയും മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ഈ പ്രഖ്യാപനമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തടുങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി തങ്കം തെന്നരസ് അവതരിപ്പിച്ചത്. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വിദ്യഭ്യാസത്തിനായി പ്രതിമാസം ആയിരം രൂപ നല്‍കും. മെട്രോ രണ്ടാം ഘട്ടത്തിന് 12,000 കോടിരൂപ വകയിരുത്തി.

കലൈജ്ഞര്‍ കനവ് ഇല്ലം പദ്ധതി പ്രകാരം ആറുവര്‍ഷം കൊണ്ട് എട്ടുലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും. വിരുദുനഗര്‍, സേലം ജില്ലകളില്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. രാമനാഥപുരത്ത് മറൈന്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഓട്ടിസം ബാധിച്ചവര്‍ക്കായി പ്രത്യേക സെന്റര്‍, മുഖ്യമന്ത്രിയുടെ റൂറല്‍ റോഡ് പദ്ധതിയ്ക്കായി 1000 കോടി എന്നിവയ്ക്കാണ് ബജറ്റില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുള്ളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp