തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ വച്ച് ഹോൺ മുഴക്കിയ ബൈക്ക് യാത്രികന് ആക്രമികളുടെ മർദ്ദനം. പരാതി നൽകിയിട്ടും പോലീസ് മൗനം നടിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിൻകര ശിവപ്രസാദത്തിൽ പ്രദീപ് എന്ന 36 കാരനാണ് അക്രമ സംഘത്തിന്റെ മർദ്ദനത്തിന് ഇരയായത്. കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു മർദ്ദനത്തിന് ഇരയായത്.
ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിൻ്റ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സിഗ്നലിൽ വച്ച് ഹോൺ മുഴക്കി എന്നതായിരുന്നു മർദ്ദന കാരണം. അതേസമയം പ്രദീപിന്റെ പുറകെ വന്ന ബൈക്ക് യാത്രികരാണ് ഹോൺ മുഴക്കിയതെന്ന് പറഞ്ഞെങ്കിലും ആക്രമികൾ മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ ചവിട്ടി പ്രദീപിനെ നിലത്തിട്ടും മർദ്ദനം തുടർന്നു. തുടർന്ന് പ്രദീപ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് 4 തുന്നൽ ഉണ്ട്. ശരീരഭാഗങ്ങളിൽ ചതവും ഏറ്റിട്ടുണ്ട്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കരമന പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് മെല്ലെ പോക്ക് നയമാണ് തുടരുന്നതാണ് ആക്ഷേപം. പരാതി നൽകിയിട്ടും ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും ആക്ഷേപമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ,മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദീപും കുടുംബവും.