ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതികളെ ഉടന്‍ പിടികൂടും; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്ന് എഡിജിപി

കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ട്വന്റിഫോറിനോട്. പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്നത് പുതുതായി രൂപീകരിച്ച പ്രത്യേക സംഘമാണ്. ഇന്നും രാവിലെ യോഗം നടക്കും.ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തില്‍ കുറച്ചധികം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.
ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാള്‍ പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും എം ആര്‍ അജിത് കുമാര്‍ പ്രതികരിച്ചു.

കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പൊലീസ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ഉള്‍പ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp