‘ട്രെയിൻ അപകടങ്ങൾ തടയാൻ എന്തൊക്കെ ചെയ്തു?’; കേന്ദ്രത്തോട് വിശദാംശങ്ങൾ തേടി സുപ്രീം കോടതി

രാജ്യത്തെ ട്രെയിൻ അപകടങ്ങൾ തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘കവാച്ച്’ ഉൾപ്പെടെ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും, ഭാവിയിൽ എന്തെല്ലാം നടപടികൾ കൂടി സ്വീകരിക്കുമെന്ന് അറിയിക്കാനുമാണ് നിർദ്ദേശം. തീവണ്ടി അപകടങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

ഇന്ത്യൻ റെയിൽവേയിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (കവാച്ച് പ്രൊട്ടക്ഷൻ സിസ്റ്റം) ഉടൻ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും, റെയിൽവേ സംവിധാനത്തിൽ നിലവിലുള്ള അപകടസാധ്യതകളും സുരക്ഷ മാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിന് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക അംഗങ്ങൾ അടങ്ങുന്ന ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘കവാച്ച്’ സ്കീം ഉൾപ്പെടെ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ അല്ലെങ്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സംരക്ഷണ നടപടിയെക്കുറിച്ച് അറിയിക്കാൻ അറ്റോർണി ജനറലാലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. പാൻ-ഇന്ത്യ തലത്തിൽ പദ്ധതി നടപ്പാക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു.

പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ചെലവും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ഈ ഭാരം യാത്രക്കാരുടെ മേൽ പതിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. സർക്കാർ നിരവധി പദ്ധതികൾ നടത്തുന്നുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് സാമ്പത്തിക വശം തടസ്സമാകരുതെന്നുമായിരുന്നു ഹർജിക്കാരന്റെ മറുപടി. പിന്നാലെയാണ് കോടതി കേന്ദ്രത്തോട് വിശദാംശങ്ങൾ ആരാഞ്ഞത്. 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp