ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പിവി അന്‍വറിന് ജാമ്യം: എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

12:47 ന് നാല് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ആദ്യം കസ്റ്റഡിയില്‍ എടുത്തവരുടെ പേര് 4 :46 ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇല്ലെന്നും അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഭരണ മുന്നണിക്ക് അന്‍വറിനോട് എതിര്‍പ്പ് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. കുത്തിയിരുന്ന് സമരം ചെയ്ത നാല്‍പത് പേരും പ്രതികള്‍ ആക്കുമെന്ന് റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. പിവി അന്‍വറിനെ രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിര്‍ബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളത്. എന്തിന് പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി. അതും ഓപ്പണ്‍ കോടതിയില്‍. നോട്ടീസ് നല്‍കിയിരുന്നു എങ്കില്‍ താന്‍ നേരിട്ട് ഹാജരാകുമായിരുന്നു. മറ്റു പ്രതികളെ തിരിച്ചറിയാന്‍ ആണ് തന്നെ കസ്റ്റഡിയില്‍ വേണം എന്ന് പറയുന്നത്. ഇത് തമാശയാണ്. ഇത് പോലെ അറസ്റ്റ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ പൊതു പ്രവര്‍ത്തനം നടക്കില്ല. ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാം. ജാമ്യം നല്‍കണം – എന്നായിരുന്നു അന്‍വറിന്റെ വാദം.

അന്‍വറിന്റെ പ്രതിഷേധം ആസൂത്രിതം ആണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്‍വറിന്റെ നേതൃത്വത്തില്‍ ആണ് 40 പേര്‍ വന്നതെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും വാദിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണ് ആക്രമണം നടത്തിയത്. മറ്റു കേസുകളിലും പ്രതികളാണ് – പ്രോസിക്യൂഷന്‍ വാദിച്ചു.

12 മണി മുതല്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ പേരുകള്‍ എന്തുകൊണ്ട് എഫ്‌ഐആറില്‍ ഇല്ലെന്ന് കോടതി ചോദിച്ചിരുന്നു. പരുക്ക് പറ്റിയ പോലീസുകാര്‍ ആശുപത്രിയില്‍ നിന്ന് എത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മറുപടിയും നല്‍കി. 4 മണിക്കൂര്‍ നേരം ഉണ്ടായിട്ടും എന്ത് കൊണ്ട് പേര് ഇല്ലെന്നും തുടര്‍ന്ന് കോടതി ചോദിച്ചു. അന്‍വര്‍ മാത്രമാണ് തിരിച്ചറിയുന്നതായി ഉണ്ടായിരുന്നത് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp