രാജ്യത്ത് 2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് ഏകദേശം 10 ലക്ഷം ഡീസല്‍ കാര്‍ ഉപോയക്താക്കള്‍ക്ക് ഇവി പോലുള്ള സംവിധാനങ്ങളിലേക്ക് മാറേണ്ടിവരും.
ഡീസല്‍ വാഹന നിരോധനത്തിലൂടെ ഇലക്ട്രിക് വാഹങ്ങളുടെ വില്പന പ്രോത്സാപ്പിക്കാനും നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി കൈവരിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഡീസലിനേക്കാള്‍ മലിനീകരണം കുറഞ്ഞ പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.
ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനാലാണ് നിരോധനത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ക്ക് 2024 മുതല്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.
2017 സാമ്പത്തിക വര്‍ഷത്തില്‍ ഡീസല്‍ കാര്‍ വില്പന 40 ശതമാനം ആയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 17 ശതമാനമായും കുറയുകയും ചെയ്തു. പെട്രോള്‍ വിലയേക്കാള്‍ ഡീസലിന് 20-25 രൂപ കുറഞ്ഞതാണ് നേരത്തെ ഡീസല്‍ കാറുകളുടെ വലിയ വില്‍പ്പനയ്ക്ക് കാരണം ആയിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രില്‍ 1 മുതല്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു. കൂടാതെ സെഡാന് സെഗ്മെന്റിലെ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ചര്‍ച്ച ചെയ്യുന്നു.
വലിയ തോതില്‍ വാതകങ്ങള്‍ പുറന്തള്ളുന്നതിനാല് നിരവധി രാജ്യങ്ങള്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട്. 2021 ല്‍ ഇതിനായി നിയമം പാസാക്കിയിരുന്നു. ഫ്രാന്‍സില്‍ വലിയ തോതില്‍ വാതകം പുറന്തള്ളപ്പെടുന്ന വാഹനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് 2035 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വലിയ അളവില്‍ ദോഷകരമായ വാതകങ്ങള്‍ പുറന്തള്ളുന്ന വാഹനങ്ങള്‍ക്ക് ജര്‍മ്മന്‍ സര്‍ക്കാര്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ ഡീസല്‍ ആയതിനാല്‍ നിരോധനം ഏറ്റവും കൂടുതല്‍ ബാധിക്കുക. കൂടാതെ ഡീസല്‍ വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ നല്ല സ്ക്രാപ്പേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യമായതിനാല്‍ സ്ക്രാപ്പേജ് നയം ഇതുവരെ ശരിയായി നടപ്പാക്കിയിട്ടില്ല.