ഡോറ – ബുജിയെ അനുകരിച്ച് നാലാംക്ലാസുകാരുടെ നാടുചുറ്റൽ; കുട്ടികളെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ

ആമ്പല്ലൂർ: കുട്ടികളുടെ പ്രിയപ്പെട്ട ഡോറയുടെ പ്രയാണം കാർട്ടൂണിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. നാലാംക്ലാസിൽ പ‍ഠിക്കുന്ന രണ്ടു കൂട്ടൂകാരുംകൂടി സ്കൂൾ വിട്ടശേഷമാണ് നാട് ചുറ്റാനിറങ്ങിയത്. സ്വകാര്യ ബസിൽ കയറിയ ഇരുവരും ആമ്പല്ലൂരിലെത്തി.

അപ്പോഴേക്കും കൈയിലെ കാശ് തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്സൺ.

എന്നാൽ കുട്ടികൾക്ക് തീരെ സ്ഥലപരിചയമില്ലാത്തതും പെരുമാറ്റത്തിലെ പന്തികേടും കണ്ടപ്പോൾ ജെയ്സണ് സംശയമായി. സ്കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp