ഡോ. വന്ദനാദാസിന്റെ കൊലപാതകം: പ്രതി ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ നിയമം അനുസരിച്ചാണ് നടപടി. സന്ദീപിന് കുറ്റപത്രം നല്‍കിയിരുന്നു. നല്‍കിയ മറുപടി തെറ്റ് അംഗീകരിക്കുന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് നടപടി. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി. സന്ദീപിന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തി. സന്ദീപിന്റെ പ്രവൃത്തി സമൂഹത്തെ സാരമായി ബാധിക്കുന്നതാണ്. കാരണം കാണിക്കല്‍ നോട്ടീസിന് പരസ്പര വിരുദ്ധമായ മറുപടിയാണ് സന്ദീപ് നല്‍കിയത്. സന്ദീപ് ഭാവി നിയമനത്തിന് അയോഗ്യനാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് മാതാപിതാക്കളാണ് ബിരുദം ഏറ്റുവാങ്ങിയത്. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ബഹുമതി സമ്മാനിച്ചത്.

കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസില്‍ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp