കോഴിക്കോട്: നടപടികൾ കർശനമാക്കിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റിൽ പാതിയിലേറെപേരും തോൽക്കുന്നു. മേയ് ഒന്നു മുതൽ നടപ്പാക്കിയ പരിഷ്കരണത്തിനുശേഷം നടന്ന ടെസ്റ്റുകളുടെ സംസ്ഥാനതല കണക്കുകളിലാണ് പാതിയിലേറെപേരും പരാജയപ്പെടുകയാണെന്ന് തെളിയുന്നത്. ഒരു എം.വി.ഐ 40 ടെസ്റ്റുകൾ മാത്രം നടത്തിയാൽ മതിയെന്ന മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദേശമാണ് ടെസ്റ്റ് കുറ്റമറ്റതാക്കിയത്. മുമ്പ് ഒരു എം.വി.ഐ നൂറും നൂറ്റിരുപതും ടെസ്റ്റുകളാണ് ഒരു ദിവസം നടത്തിയത്.
എം.വി.ഐ നടത്തുന്ന ടെസ്റ്റുകളുടെയും ജയിക്കുന്നവരുടെയും തോൽക്കുന്നവരുടെയും എണ്ണവും ദിനംപ്രതി ഇന്റേണൽ വിജിലൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. പാസാകുന്നവരുടെ എണ്ണം കൂടുതലാകുന്ന എം.വി.ഐമാരുടെ കീഴിലുള്ള ടെസ്റ്റ് വിജിലൻസ് സ്ക്വാഡിന്റെ മേൽനോട്ടത്തിൽ നടത്തും. അതിൽ പാസാകുന്നവരുടെ എണ്ണം കുറഞ്ഞാൽ എം.വി.ഐയെ എൻഫോഴ്സ്മെന്റ് സ്ക്വാഡിലേക്ക് മാറ്റുകയും നടപടികൾക്ക് ശിപാർശ ചെയ്യുകയുമാണ് വിജിലൻസ് വിഭാഗം. അതിനാൽ, എം.വി.ഐമാർ നടപടി ഭീതിയിലാണ് ടെസ്റ്റുകൾ നടത്തുന്നത്. പാർട്ട് ഒന്ന്, പാർട്ട് രണ്ട് വിജയിച്ചവരുടെയും വിവരങ്ങൾ ഉൾപ്പെടെ സംസ്ഥാന തലത്തിലേക്ക് റിപ്പോർട്ട് നൽകണം. ഫലം കുറ്റമറ്റതാക്കണമെന്ന മോട്ടോർ വാഹന വകുപ്പ് ഉന്നതരുടെ കർശന നിർദേശത്തെത്തുടർന്ന് എം.വി.ഐമാരും എ.എം.വി.ഐമാരും ടെസ്റ്റിന് എത്തുന്നവരെ നിസ്സാര കാരണം പറഞ്ഞ് ബോധപൂർവം തോൽപിക്കുന്നതായും ആരോപണമുണ്ട്. തോറ്റതിന്റെ കാരണം ചോദിക്കുമ്പോൾ വിശദീകരണം നൽകാൻപോലും ഉദ്യോഗസ്ഥർ വിഷമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നാണ് ടെസ്റ്റിനെത്തുന്നവർ പറയുന്നത്. പൊല്ലാപ്പ് പേടിച്ച് പരമാവധിപേരെ തോൽപിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുകയാണെന്ന ആക്ഷേപമുണ്ട്. റോഡ് ടെസ്റ്റിലാണ് നിസ്സാര കാരണം പറഞ്ഞ് തോൽപിക്കുന്നത്.
ടെസ്റ്റിന് അവസരം ലഭിക്കാൻതന്നെ മാസങ്ങൾ കാത്തിരിക്കണം. പരാജയപ്പെട്ടാലും ഓൺലൈനിൽ അപേക്ഷിക്കേണ്ടതിനാൽ സ്ലോട്ടിന് വീണ്ടും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റ് എപ്പോൾ തുറന്നാലും 60 ദിവസത്തേക്ക് സ്ലോട്ട് ലഭ്യമല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് അപേക്ഷകർ പറയുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റ് കടമ്പയിൽ കുടുങ്ങിക്കിടക്കുന്നത്.