തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച് പ്രിൻസിപ്പാൾ. പ്രതിഷേധം കടുത്തതോടെ സ്കൂൾ പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്.യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 1 മുതൽ 8 വരെ ക്ലാസുകളിൽ നിന്നുള്ള ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 150 ഓളം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്കൂളിലെ കക്കൂസ് വൃത്തിയാക്കൽ, വെള്ളമെടുക്കൽ, സ്കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ഈ കുട്ടികളെക്കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്. സ്കൂൾ വിട്ട് പല ദിവസങ്ങളിലും കുട്ടികൾ തളർന്നാണ് വീട്ടിലേക്ക് വരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.“ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ആണ് അയക്കുന്നത്, വൃത്തിയാക്കാനല്ല,” അവർ വീട്ടിൽ വരുമ്പോൾ, വളരെ ക്ഷീണിതരാണ്. അവർ സ്കൂളിലെത്തി പഠിക്കേണ്ട സമയത്ത് ടോയ്‌ലറ്റുകളും മറ്റും വൃത്തിയാക്കുകയാണ് അവർ ചെയ്യുന്നത്. ഇത് കേൾക്കുന്നത് ഹൃദയഭേദകമാണ്, അധ്യാപകർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള അവരുടെ ഉത്തരവാദിത്തങ്ങളിൽ ഒഴിഞ്ഞുമാറുകയാണ്, വിദ്യാർത്ഥിനിയുടെ അമ്മ പറയുന്നു.
അതേസമയം, സ്കൂളിന് പുറത്ത് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രതിഷേധിക്കുകയും വിദ്യാഭ്യാസ ഓഫീസർ അതിവേഗം നടപടിയെടുക്കുകയും സ്‌കൂൾ പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും, കൂടാതെ വിദ്യാർത്ഥികളുടെ അവകാശങ്ങളും ക്ഷേമവും “മുൻഗണനയുള്ളതായി” ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ കൂട്ടിച്ചേർത്തു.