തലയുടെ ചെന്നൈ ചാമ്പ്യൻസ്; ആവേശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം നേടി സിഎസ്കെ

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി. മറുപടി ബാറ്റിം​ഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിം​ഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. 

215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിംഗ്‌സ് 4 റൺസെടുത്ത് നിൽക്കേയാണ് കനത്ത മഴയെത്തിയത്. നാല് റൺസുമായി റുതുരാജ് ഗെയ്‌ക്‌‌വാദും അക്കൗണ്ട് തുറക്കാതെ ദേവോൺ കോൺവേയുമായിരുന്നു ക്രീസിൽ.

കളി പുനരാരംഭിച്ചപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 87 പന്തിൽ 167 റൺസാണ്. റുതുരാജും കോൺവേയും ചേർന്ന് ചെന്നൈയെ നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസിലെത്തിച്ചു. ആറ് ഓവറിൽ തന്നെ ചെന്നൈ സ്കോർ 72ൽ എത്തിയിരുന്നു. തൊട്ടടുത്ത ഓവറിൽ സ്പിന്നർ നൂർ അഹമ്മദ് ഇരട്ട വിക്കറ്റുമായി പ്രതിസന്ധി സൃഷ്ടിച്ചു. 16 പന്തിൽ 26 നേടിയ റുതുരാജിനെയും 25 ബോളിൽ 47 നേടിയ കോൺവേയുമാണ് പുറത്താക്കിയത്. 10-ാം ഓവറിലെ ആദ്യ പന്തിൽ സിഎസ്കെ 100 തൊട്ടു. അജിങ്ക്യ രഹാനെ (13 പന്തിൽ 27) 11-ാം ഓവറിൽ മോഹിത് ശർമ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അവസാന മൂന്ന് ഓവറിലെ 38 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങവേ മോഹിത് ശർമ്മയെ തൂക്കിയടിച്ച് അമ്പാട്ടി റായുഡു പ്രതീക്ഷ നൽകി.

അധികം വൈകാതെ അമ്പാട്ടി റായുഡു(8 പന്തിൽ 19) മടങ്ങി. തൊട്ടടുത്ത പന്തിൽ എം എസ് ധോണി ഗോൾഡൻ ഡക്കായി. മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ ദുബെയും രവീന്ദ്ര ജഡേജയും ക്രീസിൽ നിൽക്കേ സിഎസ്കെയ്ക്ക് 13 റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്തിൽ ഫോറോടെയാണ് ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിച്ചത്. ശിവം ദുബെ 21 പന്തിൽ 32ഉം, രവീന്ദ്ര ജഡേജ 6 ബോളിൽ 15 ഉം റൺസുമായി പുറത്താവാതെ നിന്നു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.

15 ഓവറിൽ 171 റൺസാണ് ചെന്നൈയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ഗുജറാത്തിന്റെ ബാറ്റിങ്ങിന് ശേഷമാണ് ശക്തമായ മഴ പെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് ​അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. തുടർന്നാണ് മഴനിയമപ്രകാരം 15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയ്ക്ക് മുന്നിൽ വരുന്നത്.

​ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിം​ഗ് ബാറ്റർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാൻ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.

പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളിൽ നിന്ന് 39 റൺസ് നേടി ഗിൽ കൂടാരം കയറി. അവിടന്നങ്ങോട്ട് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിമൂന്നാം ഓവറിൽ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് ഔട്ടാക്കിയത്. 39 ബോളിൽ 54 റൺസായിരുന്നു സാഹയുടെ സമ്പാദ്യം.

പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ​ഗിയർ മാറ്റി കൂറ്റനടികൾ തുടങ്ങിയത്. അവസാന ഓവറിൽ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റൺസ് അകലെ ഔട്ടാവുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp