കൊല്ലത്തെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ തലസ്ഥാനത്തും ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഈ വലയം ഭേദിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
ഗവർണർ എത്തുന്നതിന് മുമ്പ് എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. സംഭാര സമരവുമായി എത്തിയ പ്രവർത്തകരെ ഗവർണർ എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
നിരവധി പ്രവർത്തകരെ പൊലീസ് ജീപ്പിൽ കയറ്റി. ഇതിനിടെ ഗവർണറുടെ വാഹനം അതുവഴിവന്നു. പിന്നാലെ പൊലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് തന്നെ പ്രവർത്തകർ കരിങ്കൊടി ഉയർത്തി കാണിക്കുകയായിരുന്നു.