‘തള്ളിപ്പറയില്ല; നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കും’; യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ട്വന്റിഫോറിനോട് പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചപ്പോഴുണ്ടായ വികാരമാണ് ഷൂ ഏറ് പ്രതിഷേധത്തിന് കാരണമായതെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.

തെക്കന്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അബിന്‍ വര്‍ക്കി വ്യക്തമാക്കി. കെഎസ്‌യു പ്രവര്‍ത്തകരായിരുന്നു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചിരുന്നത്. നവകേരള യാത്ര പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു.

പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പൊലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp