സംസ്ഥാനത്ത് പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു.
താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. പഠനാർത്ഥമാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നതെന്നും അതിൽ മാറ്റങ്ങൾ വരാമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വേനൽ കാല ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.