തിയേറ്ററിൽ പരാജയം; ഓസ്കാർ പ്രാഥമിക പട്ടികയിൽ സർപ്രൈസ് എൻട്രി നേടി ‘കങ്കുവ’

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ സിരുത്തൈ ശിവയുടെ കങ്കുവയും ഇടം പിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായെത്തിയ തമിഴ് ചിത്രമാണ് കങ്കുവ. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്.ചിത്രത്തിന്റെ ഓസ്കാർ എൻട്രിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തുന്നുണ്ട്. പ്രമുഖ ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി.323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിന്‍റെ ആദ്യ പട്ടികയിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ടാം തിയതി ആരംഭിക്കുന്ന വോട്ടിങ് 12ാം തിയതി വരെയാണ്. ഈ വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. ജനുവരി 17 ന് നോമിനേഷനുകളുടെ അന്തിമ പട്ടിക പുറത്തുവിടും. മാര്‍ച്ച് 2 നാണ് ഓസ്‌കര്‍ വിജയികളെ പ്രഖ്യാപിക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp