തിരിച്ചടിച്ച് ഇസ്രയേൽ; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍.
വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ആക്രമണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലും , ഇറാഖിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

അതേസമയം പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം യുഎൻ രക്ഷാസിമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കൻ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ലജ്ജാകരമായ നിർദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.
12 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp