തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടർക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് വിവരം. ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം കേസിലെ അന്വേഷണം ഏറ്റെടുക്കുന്നത്.
ആക്രമണത്തിനു ശേഷം പ്രതി തിരികെ പോയ വഴി പൊലീസ് മനസ്സിലാക്കിയിരുന്നു. എൽഎംഎസ് ജംഗ്ഷനിൽ നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലൂടെ പാളയത്തിലേക്ക് പോയ പ്രതി തിരികെ മ്യൂസിയത്തിലേക്ക് എത്തുകയും അവിടെ നിന്ന് മാവീയം വീഥി വഴി വഴുതക്കാടേക്ക് കടക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൻ്റോണ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് പുതിയ നടപടി. കൻ്റോണ്മെൻ്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധർമജിത്ത്, എസ്ഐമാരായ ജിതികുമാർ, ആർ അജിത്ത് കുമാർ തുടങ്ങിയ ആളുകളാണ് സംഘത്തിലെ പ്രധാനികൾ. മ്യൂസിയം സ്റ്റേഷൻ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.