തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന ദിവസങ്ങളായിരിക്കും ഇനിയുള്ളത്. സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെയ് 22 ലെ യോഗത്തിലാണ് തീരുമാനിച്ചത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.