തീരാനോവായി അർജുൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുന്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുന്റെ ലോറി ഉയർത്തിയത്.
ഈ മാസം 20നാണ് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെ ഷിരൂരിൽ മൂന്നാം ഘട്ട പുനരാരംഭിച്ചത്. തെരച്ചിലിൽ ആദ്യ ദിനങ്ങളിൽ അർജുന്റെ ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചിരുന്നു. കോൺടാക്ട് പോയിന്റ് രണ്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് സ്കൂബാ ഡൈവർമാർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ലോറിയും ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. അർജുനൊപ്പം ഗംഗാവലി പുഴയിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.