തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍.ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കമാണ് സംഘം പരിശോധിക്കുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. സ്‌ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 15 വീടുകള്‍ പൂര്‍ണമായും 150ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നുമാണ് കണക്കുകള്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp