തൃശ്ശൂർ പൂരം വിവാദം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത; നിയമോപദേശം തേടി സർക്കാർ

തൃശ്ശൂർ പൂരം കലക്കലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത. സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. വിഷയം ഇന്ന് മന്ത്രിസഭ ചർച്ച ചെയ്തേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് യോഗം ചേരും. പൂരം കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഹൈകോടതി ഡിവിഷൻ ബഞ്ചിലാകും പൂരം റിപ്പോർട്ട്‌ സമർപ്പിക്കുക. പൂരം അട്ടിമറിക്കാൻ ഗുഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ട്. എജിയുടെ പരിശോധനക്ക് ശേഷം തീരുമാനം സർക്കാരിനെ അറിയിക്കും. വനം വകുപ്പിനെതിരെയും തിരുവമ്പാടി ദേവസ്വത്തിനെതിരെയും ​ഗുരുതര പരാമർശമാണ് റിപ്പോർട്ടിലുള്ളത്.പൂരം പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങൾ തിരുവമ്പാടിയിലെ ചിലർ അട്ടിമറിച്ചു. പാറമേക്കാവ് ദേവസ്വം പൂരം നടത്തണം എന്ന നിലപാട് എടുത്തു. എന്നാൽ തുരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാർ പൂരം നിർത്തി വെച്ച് തടസം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന വിഷയത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളിൽ കഴമ്പു ഉണ്ടെന്നും എ‍ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം.

അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം നൽകാൻ നിർദ്ദേശിച്ചിരുന്ന റിപ്പോർട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp