‘തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് കൂപ്പൺ അടിച്ച് പണപ്പിരിവ്‌ നടത്താൻ KPCC’; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. തീരുമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.

സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നൽകിയിരുന്നത്.

എന്നാൽ ഇത്തവണ ഇതുവരെയും ആദ്യഘട്ട പണം പോലും ലഭിച്ചിട്ടില്ല. ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പിരിവ് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും, മറ്റു മാർഗങ്ങളില്ല എന്നാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടു കയറുന്നതിനൊപ്പം പണപ്പിരിവ് കൂടി നടത്താം എന്നതാണ് നിലവിലെ തീരുമാനം.

നിലവിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നത്. സമീപകാലത്ത് കെ കരുണാകരൻ മന്ദിരം, ഐഎൻടിയുസി ഫണ്ട് എന്നിവയ്ക്കായാണ് കോൺഗ്രസ് പിരിവ് നടത്തിയത്. സമരാഗ്നി പര്യടനത്തിനായി ഓരോ മണ്ഡലം കമ്മിറ്റിയും ഓരോ ലക്ഷം രൂപ സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. ഇത് കാര്യക്ഷമമായി നടക്കാത്ത പശ്ചാത്തലത്തിലാണ് കൂപ്പൺ അടിച്ച് പിരിവ് നടത്താം എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനായുള്ള കൂപ്പണുകൾ ബൂത്ത് തലങ്ങളിൽ എത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp