‘തെറ്റുകാരൻ ഞാൻ തന്നെ’; വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ

വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരൻ പറഞ്ഞു.

തൃശൂരിലെ പോരാട്ടത്തിൽ ജയിക്കാൻ കഴിഞ്ഞില്ലന്ന് വിചാരിച്ച് വർഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരൻ പറഞ്ഞു. വസ്തുതകൾ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം പഠിക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരുപാട് പ്രതീക്ഷകളുള്ള പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിലും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ വഴക്കും തമ്മിൽതല്ലും ഉണ്ടാക്കി പാർട്ടിയുടെ സൽപേര് നശിപ്പിക്കാൻ ആരും ശ്രമിക്കരുത് മുരളീധരൻ പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് തയാറെടുക്കണമെന്ന് മുരളീധരൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ ഉള്ള മുഖം നഷ്ടപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.

13 നിയോജക മണ്ഡലങ്ങളുള്ള തൃശൂരിൽ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമ്പോൾ അതിനെ മറികടക്കാൻ പാർട്ടി ശ്രമിക്കണം. കൂടുതൽ കോൺഗ്രസുകാർ ജാഗ്രത പുലർത്തേണ്ട സമയമാണ്. എല്ലാവരും ഒരുമിച്ച് പോകണം. ഈ തോൽവിക്ക് പരിഹാരം ഉണ്ടാക്കേണ്ടത് തദ്ദേശ തെരഞ്ഞെടുപ്പിലാണെന്ന് കെ മുരളീധരൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp