ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി.
അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിന്‍ ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമര്‍ന്നു. ഏതാണ്ട് 32 ഫയര്‍ ട്രക്കുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എങ്കിലും കൂടുതല്‍ പേരെ രക്ഷിക്കാനായില്ല. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാനും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം രണ്ടാമതും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രാഷ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.