‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിനായി നടന്‍ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്.
നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവന്‍ ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും ആനന്ദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും ഇദ്ദേഹം പറയുന്നു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ട്രോളുകളും നിറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്നാണ് രൺദീപ് ഹൂഡ പറഞ്ഞത്. ഇക്കാര്യം ടീസറിനും പരാമർശിച്ചിരുന്നു.
ഇതാണ് ട്രോളുകൾക്ക് ഇടയാക്കിയത്. ‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂഡയുടെ ട്വീറ്റ്.