നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.
വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് കസ്റ്റഡിയിലായത്. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.