ദുരന്തഭൂമിയായി വയനാട്: 19 മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും, രക്ഷാദൗത്യത്തിന് സൈന്യമെത്തും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. മുണ്ടക്കൈ അട്ടമല ചൂരൽമല ഭാ​ഗങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. ഹാരിസൺസിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.  ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp