ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, തെരച്ചിൽ ഊ‍ർജ്ജിതം; 206 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചു.  148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 10042 പേർ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹം കണ്ടെത്തി. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp