‘ദൃശ്യം മോ‍ഡൽ’; കൂട്ടുപ്രതികള്‍ അറിയാതെ കലയുടെ മൃതദേഹം മാറ്റി? അനിലിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

ആലപ്പുഴ: മാന്നാര്‍ കലയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതികള്‍ അറിയാതെ അനില്‍ ശ്രമം നടത്തിയെന്ന സംശയത്തില്‍ അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച മൃതദേഹം കൂട്ടുപ്രതികള്‍ അറിയാതെ കലയുടെ ഭര്‍ത്താവ് കൂടിയായ ഒന്നാം പ്രതി അനില്‍ അവിടെ നിന്നും മാറ്റിയെന്ന സംശയത്തിലാണ് പൊലീസ്. അനിലിനെ ഇസ്രയേലില്‍ നിന്നും എത്തിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

അനില്‍ ഇസ്രയേലില്‍ ആശുപത്രിയിലെന്നാണ് കുടുംബം പറയുന്നതെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. ഇസ്രയേലില്‍ തുടരാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം ആശുപത്രി പ്രവേശനമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനിലിനെ ബന്ധപ്പെടാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.

മൂന്ന് മാസം മുന്‍പ് പൊലീസിന് ലഭിച്ച ഊമകത്തായിരുന്നു 2009 ഡിസംബറിലെ കല കൊലപാതകത്തില്‍ വീണ്ടും വഴിത്തിരിവായത്. കത്തിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിലവിലെ അറസ്റ്റ് നടന്നതെങ്കിലും കത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രതികളുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp